•  

വശീകരണത്തിന്റെ വാത്സ്യായന വിദ്യകള്‍

സ്ത്രീയെ വശീകരിക്കേണ്ടതെങ്ങനെ? ഉത്തരം കേള്‍ക്കാന്‍ പുരുഷന്മാര്‍ ഓടിക്കൂടും. കാരണം സ്ത്രീയുടെ സൗഹൃദവും സാമീപ്യവും അതും കടന്ന് ഒത്താല്‍ ഒരു സംഗമവും കൊതിക്കാത്ത ആണുങ്ങള്‍ ഈ ലോകത്തും പരലോകത്തും ഇല്ല. അതുകൊണ്ടാണെന്നു തോന്നുന്നു, എല്ലാമറിയുന്ന മഹര്‍ഷിവര്യന്‍ സ്ത്രീയെ വശീകരിക്കാനുളള വിദ്യകളും കാമശാസ്ത്രത്തില്‍ രേഖപ്പെടുത്തിയത്.

ചതുരംഗക്കളിക്കാരന്റെ വൈദഗ്ദ്ധ്യത്തോടെ വേണം അവളെ വശീകരിക്കേണ്ടതെന്നത്രേ മുനിയുടെ ഉപദേശം. അത്യാവശ്യം വേണ്ടത് ക്ഷമയും. കാലാള്‍ നീക്കി, കുതിരയെ ഇറക്കി, ആനയെക്കാണിച്ച് മോഹിപ്പിച്ച്, തേരിലൊന്നു വിലസി എതിര്‍ കോട്ടയില്‍ നിന്നും രാജ്ഞിയെ പുറത്തിറക്കി രാജാവിനെ അടിയറവ് പറയിപ്പിക്കുന്ന മിടുക്കനായ ഒരു ചെസ്സുകളിക്കാരനെ സങ്കല്‍പിക്കൂ. നിങ്ങള്‍ വീഴ്ത്താന്‍ ഉദ്ദേശിക്കുന്നയാളോടും ഇതേ സൂക്ഷ്മതോടു വേണം ഇടപെടാന്‍.

സ്ത്രീയുടെ മനസില്‍ ഇടം നേടുക എന്നത് അത്ര എളുപ്പമല്ല. കാണുന്നവരുടെയെല്ലാം മനസില്‍ ഇടം നേടി ശ്രീകൃഷ്ണനാവാന്‍ എല്ലാവര്‍ക്കും കഴിഞ്ഞെന്നും വരില്ല. എങ്കിലും അപ്രതീക്ഷിതമായി കാണുന്ന ഒരു മനോഹരാംഗിയുടെ മനം കവരാന്‍, ആരാധകരൊഴിയാത്ത കോളെജു ബ്യൂട്ടിയുടെ മനതാരിലെ രാജകുമാരനാകാന്‍, ക്ഷേത്രനടയിലെ എരിയുന്ന എണ്ണവിളക്കുകള്‍ക്കിടയില്‍ കണ്ട തിളങ്ങുന്ന കണ്ണുകളില്‍ എന്നും തെളിയുന്ന നിഴലാകാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവര്‍ക്ക് ഇനി പറയുന്ന മാര്‍ഗങ്ങള്‍ പരീക്ഷിക്കാം. മോശമല്ലാത്ത നിരീക്ഷണപാടവം കൂട്ടിനു വേണം.

നിങ്ങള്‍ പറയുന്നതു കേള്‍ക്കാന്‍ താല്‍പര്യമുളളവള്‍ക്ക് നിങ്ങളിലും താല്‍പര്യമുണ്ടാകുമെന്നാണ് മുനിയുടെ അഭിപ്രായം. പറയുന്നതു കേള്‍ക്കാന്‍ താല്‍പര്യപ്പെടുകയും എന്നാല്‍ താല്‍പര്യം മറച്ചു വയ്ക്കുകയും ചെയ്യുന്ന കൊച്ചു കളളികളെ ഒന്നു ശ്രമിച്ചാല്‍ ഇംഗിതത്തിനു കീഴ്പെടുത്താമെന്നത്രേ, വാത്സ്യായന സിദ്ധാന്തം. അല്‍പം കൗശലവും നയചാതുര്യവും പ്രദര്‍ശിപ്പിച്ചാല്‍ മതി.

ഒരിക്കല്‍ നിങ്ങളെ ശ്രദ്ധിച്ചവള്‍, രണ്ടാം പ്രാവശ്യം നിങ്ങളെ കാണാന്‍ വരുമ്പോള്‍ കൂടുതല്‍ അണിഞ്ഞൊരുങ്ങിയിട്ടുണ്ടെങ്കില്‍, ഉറപ്പിക്കാം സുഹൃത്തേ, കക്ഷിക്ക് നിങ്ങളില്‍ താല്‍പര്യം ഉണ്ട്. നിങ്ങളുടെ ഏകാന്തതയിലേയ്ക്കു കടന്നു വരാന്‍ മടിക്കാത്തവളെയും ഒന്നു നോട്ടമിടുന്നത് നന്ന്. ഒരല്‍പം ശ്രദ്ധയും നയതന്ത്ര മിടുക്കും ഉണ്ടെങ്കില്‍ കാര്യം സാധിക്കാം. മുനി പറയുന്നതാണ്, തെറ്റാന്‍ വഴിയില്ല.

നിങ്ങളുടെ ശ്രദ്ധയും താല്‍പര്യവും അവള്‍ ബോധപൂര്‍വം അവഗണിക്കുകയാണെങ്കില്‍....? വിഷമിക്കേണ്ട, മരുന്നുണ്ട്. അവഗണനയുടെ കാരണം ആദ്യം കണ്ടുപിടിക്കണം. നിങ്ങളോടുളള ബഹുമാനം ഉളളിലുണ്ട്, എന്നാല്‍ നിങ്ങളെ ശ്രദ്ധിക്കാന്‍ അവളുടെ അഹന്ത അവളെ അനുവദിക്കുന്നില്ല. അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പെങ്കില്‍ അല്‍പം ബുദ്ധിമുട്ടിയാല്‍ ഓക്കെയാകും. പയ്യെത്തിന്നാല്‍ പനയും തിന്നാമെന്നാണല്ലോ! അവളുടെ ഇഷ്ടാനിഷ്ടങ്ങള്‍ കണ്ടെത്തുകയാണ് ആദ്യവഴി. പിന്നെ അവള്‍ ഇഷ്ടപ്പെടുന്നതേ നിങ്ങള്‍ ഇഷ്ടപ്പെടാവൂ.

എന്നു വച്ചാല്‍ അവള്‍ മോഹന്‍ലാലിനെ ഇഷ്ടപ്പെടുന്നെങ്കില്‍ നിങ്ങള്‍ക്ക് മമ്മൂട്ടിയെ ആരാധിക്കാന്‍ അവകാശമില്ല. (അവളെ വേണമെന്നുണ്ടെങ്കില്‍). അവള്‍ പെപ്സി ഇഷ്ടപ്പെട്ടാല്‍ നിങ്ങള്‍ കൊക്കക്കോള നോക്കുക പോലും അരുത്. ചില ചേട്ടന്‍മാര്‍ക്ക് ഇതൊക്കെ കേള്‍ക്കുമ്പോള്‍ സംഗതി ചീപ്പാണെന്നു തോന്നും. കാര്യം നടക്കണമെങ്കില്‍ അല്‍പം ബുദ്ധിമുട്ടേണ്ടി വരും എന്നു മാത്രം മറുപടി. ഇങ്ങനെ അവള്‍ക്കിഷ്ടമുളള വിഷയങ്ങള്‍ സംസാരിച്ച് അവളുടെ ഇഷ്ടങ്ങളില്‍ താല്‍പര്യം കണ്ടെത്തി ബുദ്ധിപൂര്‍വം കരുക്കള്‍ നീക്കിയാല്‍ വഴിയേ, വളഞ്ഞു വരും. കയ്യിലേ കാശ്, വായിലേ ദോശ എന്ന ഫാസ്റു ഫുഡ് ലൈന്‍ ഇവിടെ പറ്റില്ലെന്ന് സാരം.

12

Read more about: love, women
Story first published: Sunday, April 14, 2002, 5:30 [IST]

Get Notifications from Malayalam Indiansutras