ആലിംഗനം ഒട്ടേറെ ഗുണങ്ങളുള്ള പ്രവൃത്തിയാണ്. സൗഹൃദം പുതുക്കാന്‍, ആശ്വാസം പകരാന്‍, സന്തോഷം പങ്കിടാന്‍, ലൈംഗികതയുടെ ആദ്യപടി തുടങ്ങി വിവിധ ഘട്ടങ്ങളിലുള്ള ആലിംഗനമുണ്ട്. ആരെയാണ് ആലിംഗനം ചെയ്യുന്നത്, എപ്പോഴാണ് ചെയ്യുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ വ്യത്യാസം. ചിലരോട് നമുക്കുള്ള കടപ്പാട് കാണിക്കുന്നതാണ് ആലിംഗനം.
ചില ആലിംഗനം ഇഷ്ടം പ്രകടിപ്പിക്കുന്നതാണ്. മറ്റു ചിലത് ആശ്വാസവും ധൈര്യവും പകരാനുള്ളതാണ്. മാതാപിതാക്കള്‍, സഹോദരങ്ങള്‍, സുഹൃത്തുക്കള്‍, പങ്കാളി എന്നിവരോടുള്ള ആലിംഗനത്തിന്റെ സ്വഭാവത്തില്‍ വ്യത്യാസമുണ്ട്. എങ്കിലും ആലിംഗനം ശരീരത്തിനും മനസിനും മാറ്റങ്ങളുണ്ടാക്കും. അക്കാര്യങ്ങള്‍ കൂടി മനസിലാക്കാം.

ആലിംഗനം സ്‌നേഹബന്ധങ്ങളെ കൂടുതല്‍ ദൃഢമാക്കുന്ന ഒന്നാണ്. സമ്മര്‍ദ്ദം കുറയ്ക്കുന്നു എന്നതാണ് എടുത്തു പറയേണ്ട ഗുണം. ആലിംഗനം ചെയ്യുമ്പോള്‍ നമ്മുടെ ശരീരം ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണ്‍ പുറത്തുവിടും. ഇത് 'ലവ് ഹോര്‍മോണ്‍' എന്നും അറിയപ്പെടുന്നു. ഈ ഹോര്‍മോണ്‍ സമ്മര്‍ദ്ദത്തിന് കാരണമാകുന്ന കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്റെ അളവ് കുറയ്ക്കും.
ആലിംഗനം ചെയ്യുമ്പോള്‍ സന്തോഷം നല്‍കുന്ന ഡോപാമിന്‍, സെറോടോണിന്‍ തുടങ്ങിയ ഹോര്‍മോണുകളും വര്‍ദ്ധിക്കും. ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്താനും വിഷാദവും ഉത്കണ്ഠയും കുറയ്ക്കാനും സഹായിക്കുന്നു. സ്‌നേഹം, പിന്തുണ, വിശ്വാസം എന്നിവ വാക്കുകളില്ലാതെ തന്നെ കൈമാറാന്‍ സഹായിക്കുന്നതാണ് ആലിംഗനം. ഇത് സൗഹൃദം മെച്ചപ്പെടുത്തും. ഓക്‌സിടോസിനും സെറോടോണിനും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നു.
പ്രിയപ്പെട്ട ഒരാള്‍ ചേര്‍ത്തുപിടിക്കുമ്പോള്‍ സുരക്ഷിതത്വവും ആത്മവിശ്വാസവും ലഭിക്കുന്നു. ഇത് ഭയം അകറ്റാനും ഒറ്റപ്പെടല്‍ മാറ്റാനും സഹായിക്കും. സമ്മര്‍ദ്ദം കുറയ്ക്കുന്നതിലൂടെയും ഓക്‌സിടോസിന്‍ ഹോര്‍മോണിന്റെ പ്രവര്‍ത്തനം വഴിയും ആലിംഗനം രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. അതുകൊണ്ടുതന്നെ ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. വേദനകള്‍ മറക്കാനും ആലിംഗനം സഹായിക്കും.
ഒരു സന്തോഷവാര്‍ത്ത അറിയുമ്പോള്‍, ഒരാള്‍ക്ക് ഒരു നേട്ടം ഉണ്ടാകുമ്പോള്‍, അല്ലെങ്കില്‍ ഏറെ നാളുകള്‍ക്ക് ശേഷം പ്രിയപ്പെട്ട ഒരാളെ കാണുമ്പോള്‍ ആലിംഗനം ചെയ്യുന്നത് സാധാരണമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ക്കുള്ള സന്തോഷവും ആഹ്ലാദവും പങ്കുവെക്കാന്‍ ആലിംഗനം സഹായിക്കുന്നു. ഏത് സാഹചര്യത്തിലാണെങ്കിലും ആലിംഗനം ചെയ്യുമ്പോള്‍ മറ്റേ വ്യക്തിയുടെ സൗകര്യവും മനോഭാവവും കൂടി പരിഗണിക്കണം.
ആലിംഗനം ശാരീരികമായ അടുപ്പത്തെ സൂചിപ്പിക്കുന്നു. ചില സാഹചര്യങ്ങളില്‍, പ്രത്യേകിച്ച് പങ്കാളികള്‍ക്കിടയിലുള്ള ആലിംഗനം ലൈംഗികമായ ഉത്തേജനത്തിന് കാരണമാവാം. ഇതിന് പ്രധാന കാരണം ആലിംഗനം ചെയ്യുമ്പോള്‍ ശരീരത്തില്‍ ഓക്‌സിടോസിന്‍, ഡോപാമിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നതാണ്. ഈ ഹോര്‍മോണുകള്‍ മാനസികാവസ്ഥയെ മെച്ചപ്പെടുത്തുകയും ലൈംഗികമായ അടുപ്പത്തിന് താല്‍പ്പര്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഒരു പാര്‍ട്ടിയില്‍ വെച്ച് സുഹൃത്തുക്കള്‍ തമ്മിലുള്ള ഒരു ഹഗ്ഗും, സ്വകാര്യമായൊരിടത്ത് പങ്കാളികള്‍ തമ്മിലുള്ള ഹഗ്ഗും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.



Click it and Unblock the Notifications







