•  

നിങ്ങളുടെ പങ്കാളി ക്രമേണ മാറിയതാണ്; ഒറ്റയടിക്ക് സംഭവിച്ചതല്ല ഇത്, നേരത്തെ ശ്രദ്ധിക്കണം

പ്രണയിക്കുന്ന കാലം രണ്ടുപേര്‍ക്കും വസന്തമായിരുന്നു. വിവാഹത്തിന് തൊട്ടുമുമ്പുള്ള നിമിഷങ്ങള്‍ മറക്കാന്‍ പ്രയാസമാണ്. വിവാഹത്തിന്റെ ആദ്യ നാളുകള്‍ അതിനേക്കാള്‍ മനോഹരമായിരുന്നു. കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇതില്‍ ചെറിയ മാറ്റം വന്നു. ക്രമേണ പഴയ പ്രണയ സല്ലാപങ്ങള്‍ ഇല്ലാതായി. രണ്ടുപേരും തിരക്കുപിടിച്ച മറ്റൊരു ലോകത്ത് വ്യാപൃതരാകുന്നു. സെക്‌സിന് ആദ്യത്തെ താല്‍പ്പര്യം കാണിക്കുന്നില്ല.

ദാമ്പത്യ ജീവിതത്തിന്റെ അടിസ്ഥാനങ്ങളിലൊന്ന് സന്തോഷത്തോടെയുള്ള സെക്‌സാണ് എന്ന് പറയുന്നവരുണ്ട്. മറ്റുള്ള ഓരോ ഘടകങ്ങളും സെക്‌സ് ജീവിതത്തെയും ബാധിക്കും. പരസ്പരം അറിഞ്ഞു ജീവിക്കാന്‍ പഠിക്കുക എന്നതാണ് ഇതിനുള്ള പരിഹാരം. കുറ്റപ്പെടുത്തലുകള്‍ ഒഴിവാക്കണം. മാത്രമല്ല, തന്റെ ഭാഗം വിട്ടുവീഴ്ചകളോടെ ശരിയാക്കാനും ശ്രമിക്കണം.

better love couple
 

ഞാന്‍ പറയുന്നതും ചെയ്യുന്നതും മാത്രമാണ് ശരി എന്ന തോന്നല്‍ തെറ്റാണ്. താന്‍ പറയുന്ന രീതിയിലേക്ക് അവന്‍ അല്ലെങ്കില്‍ അവള്‍ വരണം എന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ ആ ബന്ധത്തില്‍ ഉലച്ചില്‍ തട്ടും. പകരം, രണ്ടു വ്യക്തികളാണെന്നും രണ്ടുപേര്‍ക്കും വ്യത്യസ്തമായ ചിന്തകളും വിചാരങ്ങളുമുണ്ട് എന്ന് ഉറപ്പിക്കണം. മുന്നോട്ടുള്ള ജീവിതം സുന്ദരമാകണം എങ്കില്‍ വിട്ടുവീഴ്ച കൂടിയേ തീരു. അവിടെയാണ് രസകരമായ സ്‌നേഹമുണ്ടാകുക.

ആദ്യമൊക്കെ ഞങ്ങളുടെ ജീവിതം ഇങ്ങനെ അല്ലായിരുന്നു. എന്ത് രസമായിരുന്നു അന്ന്. അന്ന് പറഞ്ഞ വാക്കുകള്‍ അല്ല ഇന്ന് പറയുന്നത്... തുടങ്ങിയ വാക്കുകള്‍ മിക്ക ദമ്പതിമാരും പറയുന്നതാണ്. കാലം കഴിയുമ്പോള്‍ രണ്ടുപേര്‍ക്കും ഉത്തരവാദിത്തം കൂടുമെന്ന് മനസിലാക്കണം. ആരോഗ്യത്തില്‍ മാറ്റം വരുമെന്ന് ബോധ്യപ്പെടണം. ഈ വേളയില്‍ വിട്ടുവീഴ്ചയും സ്‌നേഹവും കൂടുകയാണ് വേണ്ടത്. അല്ലാതെ അകലുകയല്ല.

പരസ്പരമുള്ള കുറ്റപ്പെടുത്തലുകള്‍ പാടേ ഒഴിവാക്കണം. മറ്റുള്ളവരുടെ മുന്നില്‍ വച്ചുള്ള മോശം സംസാരങ്ങള്‍ ഒരിക്കലും പാടില്ല. രണ്ടുപേരും മാത്രമുള്ളപ്പോള്‍ പറയുന്നത് ഒരു പക്ഷേ നിങ്ങള്‍ക്കിടയില്‍ തന്നെ അവസാനിക്കും. അല്‍പ്പ നേരം കഴിഞ്ഞാല്‍ നിങ്ങള്‍ പഴയ സുന്ദരമായ ബന്ധത്തിലേക്ക് എത്തുകയും ചെയ്യും.

എന്നാല്‍ മറ്റൊരാളുടെ മുന്നില്‍ വച്ചാണ് രണ്ടുപേരും മോശമായി സംസാരിക്കുന്നത് എങ്കില്‍, ആ കേള്‍ക്കുന്ന വ്യക്തി തെറ്റിദ്ധരിക്കും. ഇവര്‍ എപ്പോഴും ഇങ്ങനെയാണ് എന്ന് കരുതും. മറ്റൊരാളോട് അയാള്‍ ഇക്കാര്യം പറഞ്ഞേക്കാം. നിങ്ങളെ കുറിച്ചു മറ്റുള്ളവര്‍ക്കുള്ള എല്ലാ ധാരണകളും തെറ്റിയേക്കാം. അതുകൊണ്ട് ദമ്പതിമാര്‍ മറ്റുള്ളവരുടെ മുന്നില്‍ വച്ച് ഒരിക്കലും മോശമായി സംസാരിക്കരുത്.

ഒരു വീട്ടില്‍ മാനസിക ഐക്യമില്ലാതെ രണ്ട് ലോകത്തായി ജീവിക്കുന്ന ദമ്പതികള്‍ ഏറെയുണ്ട്. ഒരു ദിവസം കൊണ്ട് സംഭവിച്ചതല്ല ഇത്. ക്രമേണയുള്ള മാറ്റമാണ്. കാലമേറെ കടക്കുമ്പോള്‍ പിന്നീട് പഴയ ബന്ധത്തിലേക്ക് ഒരിക്കലും തിരിച്ചുവരാന്‍ സാധിക്കാത്ത വിധം മനസ് അകന്നുപോയിട്ടുണ്ടാകും. അതുകൊണ്ട് ചെറിയ പിണക്കള്‍ മധുരം നല്‍കിയേക്കാം. ദിവസങ്ങള്‍ നീളുന്ന തര്‍ക്കത്തിലേക്ക് ഒരിക്കലും എത്തരുത്. എന്തുകാര്യമാകട്ടെ തുറന്ന് സംസാരിക്കുക. അവിടെ തീരും എല്ലാ പ്രശ്‌നങ്ങളും. മികച്ച ദാമ്പത്യം നിങ്ങള്‍ക്ക് കരുത്ത് പകരുകയേ ഉള്ളൂ.

English summary
How TO Create Better Life: Your Partner Changed Gradually; It Didn't Happen All At Once
Story first published: Saturday, October 4, 2025, 14:00 [IST]

Get Notifications from Malayalam Indiansutras