പ്രമേഹം ലൈംഗികതയെ എങ്ങനെയാണ് ബാധിക്കുക? ലോകത്തിന്റെ പ്രമേഹ തലസ്ഥാനം ഇന്ത്യയും ഇന്ത്യയുടെ പ്രമേഹ തലസ്ഥാനം കേരളവും അവുന്ന സാഹചര്യത്തില്‍ ഈ ചോദ്യത്തിന് പ്രസക്തിയേറെയാണ്.
പങ്കാളികളില്‍ ഒരാള്‍ക്കെങ്കിലും പ്രമേഹമുണ്ടെങ്കില്‍ അത് അവരുടെ ലൈംഗിക ജീവിതത്തെ എപ്രകാരമാകും ബാധിക്കുക?ലൈംഗികതയെക്കുറിച്ച് പരന്പരാഗത കാഴ്ചപ്പാടുകളാണ് ഏറെയും നമ്മുടെ വൈദ്യശാസ്ത്ര രംഗവും വെച്ചു പുലര്‍ത്തുന്നത്. എന്ത് ചെയ്തു കൂടാ, എന്തു ചെയ്താല്‍ ദോഷം വരും എന്ന കണക്കിലാണ് ഗവേഷണം മുന്നേറുന്നത്. പ്രമേഹവുമായി ജീവിക്കുന്നവര്‍ ലൈംഗികതയെക്കുറിച്ചു മറന്നു കളയാന്‍ ഉപദേശിക്കുന്ന ആരോഗ്യവിദഗ്ധരും കുറവല്ല. എന്നാല്‍ ഇതില്‍ എത്രത്തോളം ശരിയുണ്ട്?
ശരീരവും മനസും ഒരുമിച്ച് പങ്കെടുക്കുന്ന പ്രവര്‍ത്തനമാണ് ലൈംഗികത. ശാരീരിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായുണ്ടാകുന്ന മാനസികാനുഭൂതിയാണ് ലൈംഗികത എന്നും വേണമെങ്കില്‍ നിര്‍വചിക്കാം. ആ അനുഭൂതികളുടെ തൂവല്‍സ്പര്‍ശം തികച്ചും വ്യക്തിഗതമായാണ് അനുഭവപ്പെടുക. പറഞ്ഞോ എഴുതിയോ ഒരാളെയും അത് ബോധ്യപ്പെടുത്താനാവില്ല. ലൈംഗികത എങ്ങനെ അനുഭവിക്കണമെന്ന് ഏതെങ്കിലും വൈദ്യവിദഗ്ധന് ഉപദേശിച്ചു തരാനാവുമോ?
രതിപരമായ ഒരന്വേഷണവും നമ്മെ എവിടെയാണ് എത്തിക്കുക എന്ന് മുന്‍കൂട്ടി പറയാനാവില്ല. ലൈംഗിക ഉണര്‍ച്ചയുടെ അന്ത്യമെന്തായിരിക്കുമെന്ന് മുന്നേ ഗണിച്ചു പറയുകയും അസാധ്യം. മനസും ശരീരവും പങ്കെടുക്കുന്ന ഒരുത്സവമാണ് രതി. അത്ഭുതകരമായ ആനന്ദാനുഭവങ്ങളായിരിക്കാം ഒരുപക്ഷേ അതിന്റെ ഒടുവില്‍ ലഭിക്കുന്ന ഫലം. ഒരു തെര്‍മോമീറ്റര്‍ വെച്ചും അത് അളക്കന്‍ കഴിയില്ല. ഇസിജി പോലെ രേഖപ്പെടുത്താനുമാവില്ല, ലൈംഗികാഹ്ലാദം.