•  

ഇന്റര്‍നെറ്റില്‍ ലൈംഗിക ചിത്രങ്ങളുടെ കൈമാറ്റം വര്‍ദ്ധിയ്‌ക്കുന്നു

അമേരിക്കന്‍ യുവാക്കളില്‍ നാല്‌ ശതമാനം പേരും ലൈംഗിക ചിത്രങ്ങള്‍ ഇന്റര്‍നെറ്റുവഴി കൈമാറാന്‍ ആവശ്യപ്പെടുന്നതായി ഗവേഷണ റിപ്പോര്‍ട്ട്‌.

ഇന്റര്‍നെറ്റ്‌ ഉപയോഗത്തിനിടയിലാണ്‌ സ്വന്തം നഗ്നചിത്രങ്ങള്‍ നെറ്റില്‍ പ്രസദ്ധപ്പെടുത്താന്‍ ആവശ്യപ്പെടുന്നത്‌. ഡിജിറ്റല്‍ ഫോട്ടോഗ്രാഫി, ഇന്റര്‍നെറ്റ്‌ തുടങ്ങിയ സാങ്കേതികരംഗത്തുണ്ടാകുന്ന വളര്‍ച്ച യുവാക്കള്‍ക്കിടയില്‍ കൂടുതല്‍ ഭീഷണികളുണ്ടാക്കുന്നതായും ജേണല്‍ ഓഫ്‌ അഡോളസെന്റ്‌ ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ന്യു ഹാംഷെയേഴ്‌സ്‌ യൂണിവേഴ്‌സിറ്റിയിലെ കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ച്‌ ഗവേഷണം നടത്തുന്ന കേന്ദ്രത്തിലെ ഗവേഷകരാണ്‌ ഇത്തരമൊരു പഠനം നടത്തിയത്‌. ഇവരുടെ കണ്ടെത്തലനുസരിച്ച്‌ 25 യുവാക്കളില്‍ ഒരാള്‍ എന്ന നിലയ്‌ക്ക്‌ സ്വന്തം ലൈംഗിക ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള മാര്‍ഗ്ഗമായി ഇന്റര്‍നെറ്റിനെ ഉപയോഗപ്പെടുത്തുന്നുണ്ട്‌.

വര്‍ദ്ധിച്ചുവരുന്ന ഇന്റര്‍നെറ്റ്‌ ഉപയോഗം പോലെതന്നെ ആയിരത്തിലേറെ കുട്ടികളും ഇത്തരം ചിത്രങ്ങള്‍ ഇന്റര്‍നെറ്റ്‌ വഴി കൈമാറ്റം ചെയ്യുന്നുണ്ട്‌. മിക്കവരും ഇത്തരം അപേക്ഷകള്‍ കൈക്കൊള്ളുകയും ചിത്രങ്ങള്‍ അയക്കുകയും ചെയ്യുന്നുണ്ട്‌. ഇങ്ങനെ ചെയ്യുന്ന കുട്ടികളില്‍ പലര്‍ക്കും ഇതിന്റെ പിന്നില്‍ പതിയിരിക്കുന്ന നിയമപരവും അല്ലാതത്തുമായ പ്രശ്‌നങ്ങളെക്കുറിച്ച്‌ വേണ്ടത്ര ബോധമില്ല.

ചിലര്‍ ഇത്‌ കണ്ടു തള്ളിക്കളയുകയാണ്‌ ചെയ്യുന്നത്‌. പക്ഷേ മറ്റു ചിലര്‍ ഇത്‌ അപമാനിയ്‌ക്കാനും ഭീഷണിപ്പെടുത്താനുമുള്ള മാര്‍ഗ്ഗങ്ങളായി ദുരുപയോഗം ചെയ്യുന്നുമുണ്ട്‌. ഇത്തരം ചിത്രങ്ങള്‍ എടുക്കുന്നതും കൈമാറുന്നതും(കുട്ടികളാണെങ്കില്‍പോലും) കുറ്റകൃത്യം തന്നെയാണ്‌- പഠനത്തിന്‌ നേതൃത്വം നല്‍കിയ കിംബര്‍ലി ജെ മിഷെല്‍ പറയുന്നു.

പ്രണയികള്‍ തമ്മില്‍ കൈമാറുന്നചിത്രങ്ങള്‍ പതിയെ ഇന്റര്‍നെറ്റില്‍ മുഴുവന്‍ വ്യാപിക്കുന്നു. ഇത്‌ പിന്നീട്‌ പലപ്രശ്‌നങ്ങള്‍ക്കും വഴിവെയ്‌ക്കുന്നു- മിഷെല്‍ ചൂണ്ടിക്കാട്ടുന്നു. ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്ന പത്തുവയസ്സിനും പതിനേഴുവയസ്സിനും ഇടയിലുള്ള 1,5000 അമേരിക്കന്‍ കുട്ടികള്‍ക്കിടയിലാണ്‌ ഗവേഷകര്‍ ഇതുസംബന്ധിച്ച പഠനം നടത്തിയത്‌.

ഇവരില്‍ പത്തുശതമാനം പേര്‍ മാത്രമാണ്‌ സാധാരണനിലയിലുള്ള ചിത്രത്തിന്‌ വേണ്ടി ആവശ്യപ്പെടുന്നത്‌. എന്നാല്‍ 65ശതമാനം പേരും ലൈംഗിക ചിത്രങ്ങളാണ്‌ ആവശ്യപ്പെടുന്നത്‌. ഇവര്‍ കൂടുതലായും ആവശ്യപ്പെടുന്നത്‌ ഇന്റര്‍നെറ്റ്‌ വഴി വളരെ അടുത്ത ബന്ധം സ്ഥാപിച്ച പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ക്കും വേണ്ടിയാണ്‌. ഇവര്‍ മിക്കപ്പോഴും മുന്‍കാലങ്ങളില്‍ ശാരീരികമോ ലൈംഗികമോ ആയ ആക്രമണങ്ങള്‍ക്ക്‌ ഇരയായവരുമാണ്‌-റിപ്പോര്‍ട്ടില്‍ പറയുന്നു.

കുട്ടികള്‍ ഓണ്‍ലൈന്‍ വഴി ബന്ധം സ്ഥാപിച്ചവരുമായി മാത്രമാണ്‌ ഇത്തരം കാര്യങ്ങള്‍ ആവശ്യപ്പെടുകയും സംസാരിയ്‌ക്കുകയും ചെയ്യുന്നതെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌. ഓണ്‍ലൈന്‍വഴിയുള്ള ആശയവിനിമയങ്ങളില്‍ കുട്ടികള്‍ കൂടുതലായും ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങളാണത്രേ പങ്കുവെയ്‌ക്കുന്നത്‌. ഇത്തരം പ്രവണതകള്‍ക്കെതിരെ കുട്ടികളില്‍ ഫലപ്രദമായ രീതിയില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന്‌ ഗവേഷകര്‍ ആവശ്യപ്പെടുന്നു.

Story first published: Monday, January 1, 2007, 5:30 [IST]

Get Notifications from Malayalam Indiansutras