വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധങ്ങള്‍ പുരുഷന്‍മാരെ സംബന്ധിച്ചിടത്തോളം അസാധാരണമല്ലെന്ന് മുമ്പ് നടത്തിയ പല പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും കേന്ദ്ര ആരോഗ്യമന്ത്രാലയം ഇപ്പോള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ ആരിലും അസ്വസ്ഥത സൃഷ്ടിയ്ക്കുന്നതാണ്.
ആന്ധ്രാപ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ യുവാക്കള്‍ക്കിടയില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംഘടിപ്പിച്ച സര്‍വെയിലാണ് ഇന്ത്യന്‍ യുവജനതയ്ക്കിടയിലെ ലൈംഗിക അരാജകത്വം വെളിവായിരിക്കുന്നത്.
വിവാഹപൂര്‍വ ലൈംഗിക ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് സര്‍വെയില്‍ പങ്കെടുത്ത 15% യുവാക്കളും 4% യുവതികളും തുറന്ന് സമ്മതിച്ചു. ഈ യുവതികളില്‍ 24 ശതമാനത്തോളം പേര്‍ 15 വയസ്സിന് മുമ്പെ ലൈംഗികാനുഭവം ലഭിച്ചിട്ടുണ്ടെന്ന കാര്യമാണ് സര്‍വെയില്‍ കണ്ടെത്തിയ ഞെട്ടിയ്ക്കുന്ന വസ്തുതകളിലൊന്ന്.
നഗരങ്ങളിലേക്കാള്‍ ഇന്ത്യന്‍ ഗ്രാമങ്ങളിലാണ് വിവാഹ പൂര്‍വ ലൈംഗിക ബന്ധങ്ങള്‍ അധികം നടക്കുന്നതെന്ന കാര്യം സര്‍വെയില്‍ വ്യക്തമായിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോപ്പുലേഷന്‍ സയന്‍സസും ഇന്ത്യന്‍ പോപ്പുലേഷന്‍ കൗണ്‍സിലും സംയുക്തമായാണ് സര്‍വെ നടത്തിയത്.
18 വയസ്സിന് മുന്‍പ് ഗ്രാമങ്ങളില്‍ ആറ് ശതമാനം പേര്‍ ആദ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ നഗരങ്ങളില്‍ ഇത് ഒരു ശതമാനം മാത്രമാണ്. 25 ശതമാനത്തോളം യുവാക്കളും 21 ശതമാനത്തോളം യുവതികളും ഒന്നിലധികം പങ്കാളികളുമായി വിവാഹത്തിന് മുന്‍പ് ബന്ധപ്പെട്ടിട്ടുള്ളതായി പറയുന്നു.
ഗര്‍ഭ നിരോധന ഉറ ഉപയോഗിച്ചുകൊണ്ടുള്ള ബന്ധങ്ങള്‍ വളരെക്കുറവാണെന്നാണ് സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുണ്ട്. 13% യുവാക്കള്‍ ഉറ ഉപയോഗിക്കുമ്പോള്‍ വെറും 3% യുവതികളാണ് ഉറ ഉപയോഗിച്ചതായി കണ്ടെത്തിയിരിക്കുന്നത്.
വിവാഹം കഴിഞ്ഞവരും അല്ലാത്തവരുമായി 51,000 ത്തോളം പേര്‍ സര്‍വെയില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടില്‍ വിശദീകരിയ്ക്കുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഗുലാം നബി ആസാദാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.