ജോലിയും പഠിത്തവുമൊക്കെ കഴിഞ്ഞാല്‍പ്പിന്നെ ഇന്റര്‍നെറ്റ് ബ്രൗസിങും ടിവി കാണലും മറ്റുമായി പാതിരാത്രി കഴിഞ്ഞും ചിലര്‍ ഉണര്‍ന്നിരിക്കും. പുലരാന്‍നേരത്തോ മറ്റോ കിടന്നുറങ്ങി കാലത്ത് എഴുന്നേറ്റ് വീടിന് പുറത്തുപോവുയും ചെയ്യും.
അവരുടെ ഭാഷയില്‍പ്പറഞ്ഞാല്‍ ഇതും ഒരുതരം ആഘോഷമാണ്, ഉറക്കമിളച്ചുള്ള ആഘോഷം. എന്നാല്‍ ഈ ഉറക്കമിളയ്ക്കല്‍ കൊണ്ടുണ്ടാകാനിടയുള്ള ഒരു പ്രശ്‌നത്തെക്കുറിച്ചറിഞ്ഞാല്‍ എല്ലാവരും രാത്രി കൃത്യസമയത്ത് കിടക്കാന്‍ നോക്കും, ചുരുങ്ങിയത് ആറു മണിക്കൂറെങ്കിലും ഉറങ്ങാനും ശ്രമിക്കും.
കാര്യമെന്തെന്നല്ലേ ഉറക്കം കുറഞ്ഞാല്‍ ചെറുപ്പക്കാരുടെ ലൈംഗിക ജീവിതം താറുമാറാകും. അതായത് ചെറുപ്പത്തില്‍ ഉറക്കം കൊണ്ടുകളിച്ചാല്‍ കല്യാണം കഴിഞ്ഞാല്‍ പ്രശ്‌നമാകുമെന്നതുതന്നെ. ദിവസം അഞ്ചുമണിക്കൂറില്‍ കുറവുമാത്രം ഉറങ്ങുന്നവരില്‍ ടെസ്റ്റാസ്‌റ്റെറോണ്‍ എന്ന ഹോര്‍മ്മോണിന്റെ അളവ്് വല്ലാതെ കുറയും. ഈ ഹോര്‍മ്മോണാണ് പുരുഷ ലൈംഗികതയെ നിര്‍ണയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം.
ടെസ്റ്റാസ്റ്റെറോണ്‍ കുറയുന്നത് ഊര്‍ജ്ജക്കുറവിനും, ലൈംഗികോത്തേജനമില്ലായ്മയ്ക്കും കാരണമാകും. ഒപ്പം തന്നെ മസിലുകളുടെ ബലം കുറയുക, ക്ഷീണം അനുഭവപ്പെടുക തുടങ്ങിയ പ്രശ്‌നങ്ങളും വന്നുചേരും.
ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലാണ് ഇതുസംബന്ധിച്ച പഠനം നടന്നത്. ശരാശരി 24 വയസ്സുള്ള പുരുഷന്മാരിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. പഠനത്തിനിടെ ഇവരെ ഇടക്കിടെ ആരോഗ്യ പരിശോധനകള്‍ക്ക് വിധേയരാക്കിയിരുന്നു. ഇവരില്‍ അഞ്ചുമണിക്കൂറെങ്കിലും ഉറങ്ങാത്തവരില്‍ ടെസ്റ്റാസ്റ്റെറോണ്‍ ഉല്‍പാദനത്തില്‍ പത്തുമുതല്‍ 15ശതമാനം വരെ കുറവാണ് അടയാളപ്പെടുത്തിയത്.