പല തരത്തിലുള്ള മാനസിക സമ്മര്‍ദങ്ങള്‍ പേറിയാണ് മിക്കവരും വീട്ടിലെത്തുന്നത്. ജോലിയുടെയും മറ്റും ഭാഗമായി പല വിധം സമ്മര്‍ദങ്ങള്‍ നമുക്ക് നേരിടേണ്ടി വരുന്നുണ്ട്. ഈ സമ്മര്‍ദം ആരോഗ്യത്തെ ബാധിക്കാം. സെക്സിനോടുള്ള നമ്മുടെ സമീപനത്തിലും മാറ്റങ്ങള്‍ വരുത്താം.
ഇണകളുടെ ഇണക്കം മനസിലും ശരീരത്തിലും വേണം. അത്തരമൊരു പൊരുത്തമേറിയ അവസ്ഥയില്‍ മനസിന് നവോന്മേഷം പകരുന്ന വിരുന്നാവും സെക്സ്. അതേ സമയം ക്ഷീണവും സമ്മര്‍ദവും നിറഞ്ഞുനില്‍ക്കുന്ന ശരീരത്തിനും മനസിനും സെക്സിനെ അത്തരമൊരു അവസ്ഥയിലെത്തിക്കാനാവുമോ?
ക്ഷീണവും സമ്മര്‍ദവും അകറ്റിയ മനസുകള്‍ക്ക് മാത്രമേ സെക്സ് കൂടുതല്‍ ആഹ്ലാദകരമായ അനുഭവമാക്കാനാവൂ. അതുകൊണ്ട് ജോലി സ്ഥലത്തെ സമ്മര്‍ദം വീട്ടിലേക്കും കിടപ്പറയിലേക്കും കൊണ്ടുപോകരുത്. കിടപ്പറയില്‍ സമ്മര്‍ദങ്ങള്‍ മാറ്റിനിര്‍ത്താനും ലൈംഗികജീവിതം ആഹ്ലാദകരമാക്കാനും ശ്രദ്ധിക്കണം. ജീവിതപങ്കാളിയുമായുള്ള ആഹ്ലാദകരമായ ലൈംഗിക ബന്ധം ആരോഗ്യദായകം കൂടിയാണെന്ന് മനസ്സിലാക്കുക.
ക്ഷീണത്തെയും സമ്മര്‍ദത്തെയും തുരത്തി ലൈംഗികതയെ ജീവിതത്തില്‍ എങ്ങനെ പരിപോഷിപ്പിക്കാം? ഭാര്യാഭര്‍ത്താക്കന്‍മാര്‍ ഇക്കാര്യത്തില്‍ മാനസികമായ ചില തയ്യാറെടുപ്പുകള്‍ നടത്തുന്നത് നല്ലതാണ്. അല്ലെങ്കില്‍ ലൈംഗികത ആസ്വദിക്കാന്‍ ഇണകള്‍ക്ക് കഴിഞ്ഞുവെന്നുവരില്ല.
കടുത്ത മാനസിക സമ്മര്‍ദങ്ങള്‍ മനസിനെ ഉലയ്ക്കുന്നുണ്ടെങ്കില്‍ അത് ജീവിത പങ്കാളിയുമായി പങ്കിടാന്‍ ശ്രദ്ധിക്കണം. കടുത്ത ക്ഷീണം തോന്നുന്നുവെങ്കില്‍ സെക്സില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കുക. മനസിന്റെ താളം വീണ്ടെടുക്കാന്‍ ശ്രമിക്കുക.
സമ്മര്‍ദങ്ങള്‍ ഇന്ന് ജീവിതത്തിന്റെ ഭാഗമാണ്. സമ്മര്‍ദമില്ലാത്ത ജീവിതം ഒരു സങ്കല്പം മാത്രമായി തീര്‍ന്നിരിക്കുന്നു. ഇത് ഒരു യാഥാര്‍ത്ഥ്യമായി അംഗീകരിച്ച് സമ്മര്‍ദം കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ ആരായണം. അതുവഴി മാനസിക ആരോഗ്യവും ലൈംഗിക ആരോഗ്യവും വീണ്ടെടുക്കാം.
യോഗയും ധ്യാനവുമൊക്കെ മാനസിക ആരോഗ്യത്തിന് ഏറെ ഉതകും. ശാന്തമായ മനസിന് മാത്രമേ ലൈംഗികത ഒരു ഉത്സവമാക്കാനാവൂ. അതുകൊണ്ട് മനസിന് ശാന്തി പകരാനുള്ള മാര്‍ഗങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കണം.
വ്യായാമം പതിവാക്കാനും ശ്രദ്ധിക്കണം. ശാരീരികക്ഷമത ലൈംഗിക ജീവിതത്തില്‍ ഏറെ പ്രധാനമാണ്. പുതിയ ഭക്ഷണരീതികള്‍ രോഗങ്ങളിലേക്കാണ് വഴിതുറക്കുന്നത് എന്നതു കൂടി ഓര്‍ത്ത് വ്യായാമം പതിവാക്കുക.
സ്പര്‍ശനസുഖം മനസിനും ശരീരത്തിനും ഏറെ ആശ്വാസം പകരുന്നതാണ്. ഇണകള്‍ തഴുകുകയും തലോടുകയും ചെയ്യുന്നത് മനസിലെ പിരിമുറുക്കം അയയാന്‍ സഹായകമാകും. സ്നേഹപ്രകടനം സ്പര്‍ശനങ്ങളിലൂടെ കൂടുതല്‍ ഊഷ്മളമാക്കാന്‍ ശ്രമിക്കുക.
പങ്കാളി മാനസികവും ശാരീരികവുമായി തയ്യാറെടുത്തിട്ടുണ്ടെങ്കില്‍ മാത്രം സെക്സിലേര്‍പ്പെടുക. ഇണക്ക് ഏതെങ്കിലും തരത്തിലുള്ള പിരിമുറുക്കങ്ങളുണ്ടെങ്കില്‍ അത് അകറ്റാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. സ്നേഹസാന്ത്വനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക.
ഭാര്യക്കും ഭര്‍ത്താവിനും ജോലിയുണ്ടെങ്കില്‍ ഇരുവരും ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം സമ്മര്‍ദമകറ്റുന്ന സംസാരങ്ങളിലേര്‍പ്പെടണം. ജോലി സ്ഥലത്ത് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ നിങ്ങളുടെ മാനസികോല്ലാസത്തെ ബാധിക്കുന്നെങ്കില്‍ അത് അകറ്റാന്‍ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ ഏറ്റവും ശരിയായി കഴിയുന്നത് ജീവിതപങ്കാളിക്കായിരിക്കും. ഒരു ദിവസത്തെ സമ്മര്‍ദങ്ങള്‍ അകറ്റുന്ന സല്ലാപം കൂടിയാവട്ടെ അത്.
അനുയോജ്യമായ സാഹചര്യങ്ങളില്‍ ലൈംഗിതക പരമാവധി ഹൃദ്യമാക്കാനാണ് ശ്രമിക്കേണ്ടത്. മുന്‍വിധികളില്ലാതെ, ചില പ്രത്യേക മാനസികാവസ്ഥകളില്‍ ഇണകള്‍ക്ക് മാനസികമായ അങ്ങേയറ്റത്തെ സംയോജനം സെക്സിലൂടെ സാധിക്കും. അത്തരം സന്ദര്‍ഭങ്ങള്‍ പരമാവധി ആസ്വദിക്കാനാണ് ശ്രമിക്കേണ്ടത്.