അത്രയ്ക്കുതന്നെ ഗവേഷണങ്ങളും പഠനങ്ങളും ഈ മേഖലയില്‍ നടക്കുന്നുണ്ട്. ലൈംഗികബന്ധത്തിന് ശേഷം 72 മണിക്കൂറിനുള്ളില്‍ കഴിച്ചാല്‍ ഗര്‍ഭധാരണമൊഴിവാക്കാമെന്ന വാഗ്ദാനവുമായി വിപണിയിലെത്തിയ ഐപില്‍ ആണ് ഈ രംഗത്തെ നവാഗത ഉല്‍പ്പന്നം.
ഇത് യുവത്വത്തെ വഴിതെറ്റിയ്ക്കുമെന്നും മറ്റുമുള്ള ഒട്ടേറെ വാദങ്ങള്‍ ഉണ്ടായെങ്കിലും ഇത്തരം വസ്തുക്കള്‍ക്ക് എന്നും നല്ല ഡിമാന്റാണെന്നാണ് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്.
ഇത്തരം ഉപാധികളുടെ ദുരുപയോഗം എന്ന കാര്യത്തെ മറന്നുകളഞ്ഞ് അതിന്റെ യഥാര്‍ത്ഥ ആവശ്യത്തെക്കുറിച്ച് ചിന്തിയ്ക്കുകയാണെങ്കില്‍ ഇതില്‍ അധാര്‍മ്മികതയെ ആരോപിക്കാന്‍ കഴിയില്ല. അസമയത്തുണ്ടാകുന്ന ഗര്‍ഭധാരണം മിക്ക ദമ്പതികള്‍ക്കും പലപ്പോഴും തലവേദനയാകാറുണ്ട്.
ദാമ്പത്യത്തിലെ ഒട്ടേറെ പ്രശ്‌നങ്ങള്‍ ഒരു പക്ഷേ അസമയത്തെ ഗര്‍ഭധാരണം ഒഴിവാക്കുന്നതിലൂടെ ഇല്ലാതാക്കാന്‍ കഴിയും. ഇതിന് ഏറ്റവും പുതിയ വാഗ്ദാനമാണ് എലാവണ്‍ എന്ന പുതിയ ഗര്‍ഭനിരോധന ഗുളിക.
ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട് അഞ്ചു ദിവസം കഴിഞ്ഞ് കഴിച്ചാലും ഗര്‍ഭധാരണം ഒഴിവാക്കാന്‍ എലാവണ്ണിന് കഴിവുണ്ടത്രേ. ലോകപ്രശസ്തമെഡിക്കല്‍ മാഗസിനായ ദി ലാന്‍സെറ്റിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.
5500 സ്ത്രീകള്‍ ഇതുസംബന്ധിച്ച പരീക്ഷണം നടത്തിയിട്ടുണ്ടത്രേ. ഇതില്‍ 98 ശതമാനം വിജയം നേടുകയും ചെയ്തു. നിലവില്‍ ലഭ്യമായ ഏറ്റവും നല്ല ഗര്‍ഭനിരോധന ഗുളികയായ ലെവനോര്‍ജസ്ട്രലിനേക്കാള്‍ രണ്ടുമടങ്ങ് ഏറെ ഫലപ്രദമാണ് എലാവണ്‍.
ലൈംഗികബന്ധം കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ കഴിച്ചാല്‍ 95 സതമാനം ഫലമുണ്ടാകുമെന്നാണ് ലെവനോര്‍ജസ്്ട്രല്‍ നല്‍കുന്ന വാഗ്ദാനം. പക്ഷേ ഇത് മൂന്നു ദിവസം കഴിഞ്ഞ് കഴിച്ചാല്‍ വെറും 58 ശതമാനം ഉറപ്പേ നല്‍കുന്നുള്ളു.
ഗുണം കൂടുതലുള്ളപോലെതന്നെ എലാവണിന് വിലയും കൂടുതലാണ്, 12 പൗണ്ടാണ് ഇതിന്റെ വില. ഗര്‍ഭധാരണം നടന്നുകഴിഞ്ഞ് ഭ്രൂണത്തെ നശിപ്പിക്കുന്നതിന് പകരം ഗര്‍ഭധാരണം ഇല്ലാതാക്കുകയാണ് എലാവണ്‍ ചെയ്യുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്.