യഥാര്‍ത്ഥ രതിയ്ക്ക് മുന്നെ, ഒരു റിഹേഴ്സല്‍ നടത്തുക എന്നതാണ് പലരും പറയുന്ന മാര്‍ഗം. അതായത് വസ്ത്രങ്ങള്‍ നീക്കം ചെയ്യാതെ പലതരം വേഴ്ചാ രീതികള്‍ പരീക്ഷിക്കുക. ഇരുവരുടെയും ശാരീരിക സ്ഥിതിയനുസരിച്ച് ഏതാണോ സുഖകരവും സുരക്ഷിതവുമെന്ന് തോന്നുന്നത്, ആ രീതി വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് യഥാര്‍ത്ഥമായി നടത്തുക.
ആദ്യരതി എപ്പോഴും വളരെ ക്ലേശകരമായിരിക്കും എന്ന് മനസിലാക്കണം. ഇരുവര്‍ക്കും അത് അങ്ങനെ തന്നെയായിരിക്കും. ആശങ്ക രണ്ടുപേര്‍ക്കുമുണ്ടാവാം. വൈമനസ്യമുണ്ടാവാം. പങ്കാളി എന്തു കരുതുമെന്ന സംശയം ഉണ്ടാകാം. ഈ അവസ്ഥയില്‍ ശരിയായി ലൈംഗിക വികാരമുണരണമെന്നില്ല. ആണിന് വേണ്ടത്ര ഉദ്ധാരണം നടക്കാതെ വരാം. സ്ത്രീ സംഭോഗ സന്നദ്ധയായില്ലെന്നും വരാം.
ഇതൊക്കെ സ്വാഭാവികമാണെന്ന് ഇരുവരും മനസിലാക്കുകയാണ് വേണ്ടത്. ആദ്യരതിയുടെ പ്രായോഗികാനുഭവങ്ങളില്‍ ഇവയും ഉള്‍പ്പെടുമെന്ന് മനസിലാക്കിയിരിക്കണം.
മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ മനക്ലേശം കൂടിയാല്‍ രതി ബുദ്ധിമുട്ടാവും. കാര്യങ്ങളൊന്നും വിചാരിച്ച പോലെ നടക്കണമെന്നില്ല. നിരാശയുണ്ടാവാന്‍ കാരണം വേറെ തേടുകയും വേണ്ട. എന്നാല്‍ ഇതെല്ലാം കളിയിലെ ഘടകങ്ങളാണെന്നും ലോകത്തെ തൊണ്ണൂറ്റി ഒമ്പതു ശതമാനം ആളുകളും ഈ ക്ലേശാവസ്ഥയിലൂടെയാണ് കടന്നു പോയതും പോകുന്നതെന്നും അറിഞ്ഞാലോ, പിന്നെ നിരാശയ്ക്ക് പഴുതില്ല.
കാര്യങ്ങള്‍ ആഗ്രഹിച്ചതു പോലെ നടക്കുന്നില്ലെങ്കില്‍, പിന്നെ എല്ലാം ആദ്യം മുതല്‍ ആരംഭിക്കുന്നതാണ് ഉത്തമം. അല്‍പം ഇടവേള നല്‍കി ആമുഖ ലീലകള്‍ മുതല്‍ കഥ ആദ്യമേ തുടങ്ങട്ടെ. ഇത്തരം പുനര്‍സമാഗമങ്ങള്‍ മാനസിക ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനും ഉപകരിക്കും. പരസ്പരം പറയാനും അറിയാനും മനസിലാക്കാനും മനസുളളവര്‍ക്ക് മാത്രമേ ഇതിനൊക്കെ കഴിയുകയുളളൂ എന്ന് പ്രത്യേകം പറയേണ്ടല്ലോ. ബന്ധങ്ങള്‍ ഉറപ്പിക്കാനാവണം രതി.
ആദ്യദിനത്തിലെ രതി സങ്കല്‍പത്തിലെ രതിയുമായി ഒരിക്കലും പൊരുത്തപ്പെടണമെന്നില്ല. എന്നാല്‍ ആദ്യ രതിയുടെ അനുഭവങ്ങള്‍ പങ്കാളികള്‍ തമ്മിലുളള ഹൃദയബന്ധം ഊട്ടിയുറപ്പിക്കാന്‍ പോന്നതാവണം. കാണിച്ച അബദ്ധങ്ങളും പരാക്രമങ്ങളും പരാജയങ്ങളും പിന്നീട് ഇരുവരുടെയും സ്വകാര്യനിമിഷങ്ങളില്‍ പറഞ്ഞു ചിരിക്കാനാകണം. അപ്പോഴാണ് രതിയിലൂടെ ബന്ധം കൂടുതല്‍ കൂടുതല്‍ ഉറയ്ക്കുക.