ന്യൂയോര്‍ക്ക്: സാധാരണയായി ലൈംഗികശേഷി വര്‍ധിപ്പിക്കാനായി ഉപയോഗിയ്‌ക്കുന്ന വയാഗ്ര ലൈംഗിക സംബന്ധമല്ലാത്ത അസുഖങ്ങള്‍ക്കും മരുന്നായി ഉപയോഗിക്കാമെന്ന് പഠനങ്ങള്‍.
പള്‍മനറി ഹൈപ്പര്‍ടെന്‍ഷന്‍, മൗണ്ടന്‍ സിക്ക്‌നസ്, റെയ്‌നോഡ്‌സ് ഫിനോമിനണ്‍ എന്നീ അസുഖങ്ങള്‍ക്കെതിരെ വയാഗ്ര ഫലപ്രദമായി ഉപയോഗിക്കാമെന്നാണ് പുതിയ പഠനങ്ങളില്‍ തെളിഞ്ഞിരിക്കുന്നത്.
രക്തധമനികളില്‍ നിന്നും അസാധാരണമായ സമ്മര്‍ദ്ദത്തോടെ രക്തം ശ്വാസകോശത്തിലെത്തുന്നതാണ് പള്‍മനറി ഹൈപ്പര്‍ ടെന്‍ഷന്‍. ശ്വാസതടസ്സം, തലകറക്കം തുടങ്ങി പലതരത്തിലാണ് ഇതിന്റെ ലക്ഷണങ്ങള്‍ പുറത്തുവരാറുള്ളത്. രക്തസമ്മര്‍ദ്ദം കുറച്ച് കുറഞ്ഞ ഓക്‌സിജനിലും ശരിയായി പ്രവര്‍ത്തിപ്പിക്കാനുള്ള ശേഷി വയാഗ്ര ഹൃദയത്തിന്റെ അറകള്‍ക്ക് നല്‍കുന്നു. അതുവഴി ഈ പ്രശ്‌നം പരിഹരിയ്‌ക്കപ്പെടുന്നു.
ചെറിയ തലവേദനയില്‍ തുടങ്ങി ശ്വാസകോശത്തിലും തലച്ചോറിലും ജീവന് ഹാനികരമായ ഒരു ദ്രവം രൂപപ്പെടുന്നതാണ് മൗണ്ടന്‍ സിക്ക്‌നസ്. ഇതിനെതിരെയും വയാഗ്ര ഉപയോഗിക്കാമെന്നാണ് പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
ശരീരത്തില്‍ രക്തപ്രവാഹം കുറയുമ്പോള്‍ ചര്‍മ്മത്തിന്റെ നിറം കുറയുന്നത് തുടങ്ങി കണ്ണുകള്‍, കാല്‍മുട്ടുകള്‍, മൂക്ക് എന്നിവയെയെല്ലാം ബാധിക്കുന്ന അസുഖമാണ് റെയ്‌നോഡ്‌സ് ഫിനോമിനണ്‍. ചികിത്സിച്ച് നിയന്ത്രിക്കാന്‍ കഴിയാത്ത ഈ അസുഖത്തിനും വയാഗ്ര ഫലപ്രദമാണെന്നാണ് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നത്.
ഹൃദ്രോഗ ചികിത്സയ്‌ക്കായി ഉപയോഗിക്കാനുള്ള വയാഗ്ര റിവാഷ്യോ എന്ന പേരിലാണത്രേ മാര്‍ക്കറ്റില്‍ ഇറക്കിയിരിക്കുന്നത്. ഹാര്‍വാര്‍ഡ് മെന്‍സ് ഹെല്‍ത്ത് വാച്ചിന്റെ 2007ലെ പതിപ്പിലാണ് വയാഗ്രയുടെ വിവിധ ഗുണങ്ങള്‍ പ്രതിപാദിച്ചിരിക്കുന്നത്.