•  

ജി സ്പോട്ട് വെറും മിഥ്യ?

G- spot
 
അരനൂറ്റാണ്ടുകാലമായി പുരുഷനും സെക്സോളജിസ്റ്റുകള്‍ക്കും എന്തിന് ശാസ്ത്രജ്ഞന്മാര്‍ക്കും പോലും ഉത്തരം കിട്ടാത്ത ഒരു സമസ്യയായിരുന്നു സ്ത്രീയുടെ ജി സ്പോട്ട്.

ജര്‍മന്‍ ഗൈനക്കോളജിസ്റ്റായ ഏണസ്റ്റ് ഗ്രാഫെന്‍ബര്‍ഗ് ആണ് 50 വര്‍ഷംമുമ്പ് 'ഗ്രാഫെന്‍ബര്‍ഗ് സ്‌പോട്ട്' (ജി-സ്‌പോട്ട്) എന്ന ആശയം മുന്നോട്ട് വെയ്ക്കുന്നത്. യോനീഭിത്തിയുടെ മുന്‍വശത്ത് 2-5 സെന്റീമീറ്റര്‍ ഉള്ളിലാണ് ജി-സ്‌പോട്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

പിന്നീടിങ്ങോട്ട് ജി സ്പോട്ട് നിര്‍ണയിക്കാനും അതിന്റെ യഥാര്‍ത്ഥ ഭാഗം കണ്ടെത്താനുമായി നടന്ന പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊന്നും കയ്യും കണക്കുമില്ല. പലരും ഏണസ്റ്റ് പറഞ്ഞേടത്തുതന്നെയാണ് ജി സ്പോട്ട് എന്ന് വാദിച്ചപ്പോള്‍ ചിലര്‍ സ്ത്രീ ശരീരത്തില്‍ എവിടെയുമാകാം ജി സ്പോട്ട് എന്ന വിശാലമായ അര്‍ത്ഥത്തിലേയ്കും ചിന്തിച്ചുതുടങ്ങി.

പങ്കാളിയ്ക്ക് ജി സ്പോട്ട് ഉണ്ടോ ഉണ്ടെങ്കില്‍ അതെവിടെ എന്ന് അന്വേഷിച്ച് നടന്ന പുരുഷന്മാരുടെ എണ്ണവും കുറവായിരിക്കാനിടയില്ല. തനിക്കും ജി സ്പോട്ട് ഉണ്ടോയെന്ന് അറിയാന്‍ ആഗ്രഹിച്ച സ്ത്രീകളും കുറവായിരിക്കില്ല.

ചര്‍ച്ചകളും ഭാവനകളും കല്‍പനകളുമൊക്കെ ഇങ്ങനെ മുന്നോട്ടുപോകുന്നതിനിടെ ഇപ്പോഴിതാ പുതിയ ഒരു പഠനഫലം പുറത്തുവന്നിരിക്കുന്നു. ഇത് ശരിയാണെങ്കില്‍ ജി-സ്‌പോട്ട് എന്നൊരു സംഗതിയേയില്ല.

ചില സ്ത്രീകളില്‍ ആനന്ദസ്ഥാനമായി ഉണ്ടെന്ന് സങ്കല്‍പ്പിച്ചിരുന്ന അത്തരമൊരു സംഗതി വെറുമൊരു മിത്താകാനാണ് സാധ്യതയെന്ന നിഗമനത്തിലാണ് പഠനം നടത്തിയവര്‍ ചെന്നെത്തിയിരിക്കുന്നത്.

ഏതാണ്ട് 1800 സ്ത്രീകളെ ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയത്. ജേര്‍ണല്‍ ഓഫ് സെക്‌സ്വല്‍ മെഡിസിനില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജി-സ്‌പോട്ട് എന്നൊരു സംഗതിയെക്കുറിച്ച് ഒരു തെളിവും പഠനത്തില്‍ കണ്ടെത്താനായിട്ടില്ലത്രേ.

ലണ്ടന്‍ കിങ്‌സ് കോളേജിലെ ഒറു സംഘമാണ് ഗവേഷണം നടത്തിയത്. സ്ത്രീകളുടെ സങ്കല്‍പ്പത്തിലുള്ള ഒന്ന് മാത്രമാകണം ജി-സ്‌പോട്ട് എന്നാണ് സംഘത്തിന്റെ നിഗമനം. സെക്‌സ് തെറാപ്പിസ്റ്റുകളും പ്രസിദ്ധീകരണങ്ങളും ചേര്‍ന്ന് പ്രോത്സാഹിപ്പിച്ച ഒന്നാണിതെന്നും കൂടി ഇവര്‍ പറയുന്നു.

അതേസമയം, ജി-സ്‌പോട്ട് എന്ന ആശയം പ്രോത്സാഹിപ്പിച്ച സെക്‌സോളജിസ്റ്റ് ബിവെര്‍ലി വിപ്പിള്‍ പുതിയ പഠനം അംഗീകരിക്കുന്നില്ല. രതിയുടെ വൈവിധ്യപൂര്‍ണമായ അനുഭവം പരിഗണിച്ചല്ല പുതിയ സംഘം പഠനം നടത്തിയതെന്ന് വിപ്പിള്‍ വാദിക്കുന്നു.

പഠനത്തില്‍ ഉള്‍പ്പെട്ട സ്ത്രീകളെല്ലാം ഒരേ ജനിതകപ്പതിപ്പുകള്‍ പേറുന്ന ഇരട്ടകളും, പകുതി ജീനുകള്‍ പങ്കുവെയ്ക്കുന്ന ഇരട്ടകളും ആയിരുന്നു. ആ സ്ത്രീകളോടെല്ലാം ജി-സ്‌പോട്ടിന്റെ കാര്യം ഗവേഷകര്‍ അന്വേഷിച്ചു.

ഒരാളില്‍ ജി-സ്‌പോട്ട് ഉണ്ടെങ്കില്‍ അതേ ജനിതകപ്പതിപ്പ് പേറുന്ന ഇരട്ടയിലും അതുണ്ടാകേണ്ടതാണ്. എന്നാല്‍, അത്തരത്തിലല്ല കാര്യങ്ങള്‍ കണ്ടത്. ഒരേ ജനിതകപ്പതിപ്പുകള്‍ പേറുന്ന ഇരട്ടകളില്‍ രണ്ടുപേരിലും ജി-സ്‌പോട്ട് കണ്ടെത്താന്‍ മിക്ക ഉദാഹരങ്ങളിലും ഗവേഷകര്‍ക്കായില്ല.

ഭക്ഷണക്രമം, വ്യായാമം മുതലായവയുടെ ഫലമായാണ് ചില സ്ത്രീകള്‍ ജി-സ്‌പോട്ടുള്ളതായി പറഞ്ഞതെന്ന് ഗവേഷകര്‍ കണ്ടു. യഥാര്‍ഥ ജി-സ്‌പോട്ട് കണ്ടെത്തുക ശരിക്കും അസാധ്യമാണെന്നും കണ്ടെത്തി. തികച്ചും വ്യക്തിപരമായ ഒന്നാണ് ജി-സ്‌പോട്ട് എന്ന ആശയം' എന്നാണ് ഗവേഷകരുടെ നിഗമനം.

എന്നാല്‍, ജി-സ്‌പോട്ട് ഇല്ല എന്ന് കരുതി സ്ത്രീകള്‍ ഉത്ക്കണ്ഠപ്പെടേണ്ടതില്ല എന്നാണ് പഠനത്തില്‍ മുഖ്യപങ്ക് വഹിച്ചവരിലൊരാളായ സെക്‌സ്വല്‍ സൈക്കോളജിസ്റ്റ് ഡോക്ടര്‍ പെട്ര ബോയ്ന്റന്‍ പറയുന്നത്.

ആള്‍ട്രോസൗണ്ട് സ്‌കാന്‍ ഉപയോഗിച്ച് ജി-സ്‌പോട്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞതായി അടുത്തയിടെ ഇറ്റാലിയന്‍ ഗവേഷകര്‍ പറയുകയുണ്ടായി. സ്ത്രീകളെ രതിമൂര്‍ച്ഛയ്ക്ക് സഹായിക്കുന്ന കട്ടികൂടിയ കോശഭാഗമാണതെന്നും അവര്‍ അഭിപ്രായപ്പെടുകയുണ്ടായി. അത്തരം വാദങ്ങളെ അസ്ഥാനത്താക്കുന്നതാണ് പുതിയ പഠനഫലം.

ജി-സ്‌പോട്ടിന്റെ കാര്യത്തില്‍, ഇതുവരെ നടന്നിട്ടുള്ളതില്‍ ഏറ്റവും വലിയ പഠനമാണ് ഡോ.ബോയ്ന്റനും കൂട്ടരും നടത്തിയത്.

Story first published: Friday, January 8, 2010, 15:27 [IST]

Get Notifications from Malayalam Indiansutras